ആലപ്പുഴ : മലയാളത്തിന്‍റെ മഹാനടി കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്ത അറിഞ്ഞത് മുതൽ ദുഖവീഥിയിലാണ് കായംകുളവും. പ്രിയതാരത്തിന്‍റെ വേർപാട് സ്വന്തം വീട്ടിലെ ഒരു മുതിർന്ന അംഗത്തിന്‍റെ വിയോഗം പോലെയാണ് ഇവിടുത്തുകാർക്ക് അനുഭവപ്പെടുന്നത്.
കെ.പി.എ.സിയുടെ നാടകങ്ങളിൽ നിറഞ്ഞാടിയിരുന്ന ലളിതയെ ആരും മറന്നിട്ടില്ല. തോപ്പിൽ ഭാസിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങള്‍ക്ക് കെ.പി.എ.സി നാടകങ്ങളിലൂടെ ലളിത ജീവൻ നൽകിയതിന്‍റെ ഓർമകള്‍ ഇവിടെ കുടികൊള്ളുന്നു. ജീവിതഗന്ധിയായ ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയ കലാകാരിയുടെ വിശേഷങ്ങൾ പറയുമ്പോൾ ഇവിടുത്തുകാർക്ക് നൂറ് നാവാണ്.
കായംകുളവും കെ.പി.എ.സി ലളിതയും തമ്മിലുള്ള ബന്ധം ഓർത്തെടുക്കുകയാണ് ലളിതയുടെ മാതൃസഹോദരനായ കൃഷ്‌ണപുരം സ്വദേശിയും 83 കാരനുമായ വേലായുധന്‍ പിള്ള. വാർധക്യം ശരീരത്തെ തളർത്തുന്നുണ്ടെങ്കിലും ഓർമകള്‍ക്ക് ഇന്നും മധുരപ്പതിനേഴാണ്.
ലളിതയുടെ അമ്മ ഭാര്‍ഗവിയമ്മയുടെ ആറ് സഹോദരങ്ങളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് വേലായുധന്‍ പിള്ള മാത്രമാണ്. ലളിതയുമായി അടുത്ത ബന്ധമാണ് മരിക്കുന്നതുവരെയും വേലായുധന്‍ പിള്ളയ്ക്കുണ്ടായിരുന്നത്. തിരക്കായതിനാൽ പലപ്പോഴും അവരെ കാണാന്‍ കഴിയാറില്ലെങ്കിലും കുടുംബത്തിലെ എല്ലാ പ്രധാന ചടങ്ങുകൾക്കും ലളിത എത്താറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
READ MORE:മലയാളത്തിന്‍റെ മഹാനടിക്ക് വിട ; ഇനി ദീപ്‌ത സ്‌മരണ
ബന്ധംകൊണ്ട് അമ്മാവനായിരുന്നെങ്കിലും ആങ്ങളയും പെങ്ങളും പോലെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ലളിത കെ.പി.എ.സിയില്‍ ഉള്ളപ്പോള്‍ അവരുടെ നിർബന്ധപ്രകാരമാണ് ഇദ്ദേഹം കായംകുളത്ത് വരുന്നതും വിവാഹം കഴിക്കുന്നതും പിന്നീട് കൃഷ്‌ണപുരത്തേക്ക് താമസം മാറ്റുന്നതും.
കുടുംബം ആലപ്പുഴ നഗരത്തിലെ സനാതന ഹൈസ്‌കൂളിനടുത്തുള്ള ശങ്കരനാരായണപുരത്താണ്. നാടകകാലത്ത് ലളിതയ്ക്കും സഹോദരി ഭാര്‍ഗവിയമ്മയ്ക്കും ഒപ്പമായിരുന്നു വേലായുധൻ പിള്ളയുടെയും താമസം. പിന്നീട് നാടകത്തിൽ നിന്ന് ചലച്ചിത്ര രംഗത്തേക്ക് എത്തിയതോടെയും വിവാഹത്തിന് ശേഷവുമാണ് ഇരുവരും താമസം മാറിയത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്, ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലെന്നത് വിഷമിപ്പിക്കുന്നുവെന്ന് നിറകണ്ണുകളോടെ വേലായുധൻ പിള്ള പറയുന്നു. വിളിപ്പാടകലെയുണ്ടായിരുന്ന ആ സ്നേഹബിന്ദു ഇനിയില്ലെന്ന സങ്കടമാണ് അദ്ദേഹത്തിന്. ലളിതയുടെ ഓർമകൾക്ക് മരണമില്ലെന്നത് മാത്രമാണ് തെല്ലാശ്വാസം.