ആലപ്പുഴ: ലോക്‌ഡൗൺ നിരോധനം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി കേരള പൊലീസ് നടത്തുന്ന ഡ്രോൺ നിരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ തരംഗമാകുന്നു. വള്ളികുന്നം പൊലീസ് പകര്‍ത്തിയ ഹെലിക്യാമറ ദൃശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാട്ടുവഴികളിലും പാടവരമ്പത്തുകൂടിയും ഡ്രോൺ പറത്തിയ പൊലീസ് കണ്ണുകളെ കണ്ട് ആളുകൾ ഓടുന്നതാണ് ദൃശ്യത്തിലുള്ളത്. ക്യാമറയിൽ മുഖം പതിയാതിരിക്കാൻ തലവഴി മുണ്ടിട്ട് ഓടുന്നവരെയും ദൃശ്യങ്ങളിൽ കാണാം. പാടത്ത് ക്രിക്കറ്റ് കളിക്കുന്നവർക്കിടയിലേക്കാണ് ഡ്രോൺ പറന്നിറങ്ങിയത്. ക്യാമറ കണ്ടതോടെ ചിതറിയോടിയ പലരും തെങ്ങിനിടയിൽ ഒളിക്കുകയും പരക്കംപായുകയും ചെയ്യുന്നത് രസകരമായ കാഴ്‌ചയാണ്.
ആകാശ ദൃശ്യങ്ങൾക്കൊപ്പം സിനിമാ ഗാനങ്ങൾ കൂടി ചേർത്താണ് പൊലീസ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നിരോധനാജ്ഞയും സർക്കാർ നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് വള്ളികുന്നം പൊലീസ് പറഞ്ഞു.