ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്‍റെ വീടാക്രമിച്ചതിലൂടെ സിപിഎം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്ന് കെസി വേണുഗോപാൽ എംപി. ഇല്ലായ്‌മകളോട് പടവെട്ടി പൊതുപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ച വനിതയാണ് അരിത ബാബു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിലൊരാള്‍. പൊതു സമൂഹത്തിൽ നിന്നും അരിതയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പിടിച്ചാണ് സിപിഎം ഇത്തരം അതിക്രമങ്ങൾക്ക് മുതിരുന്നതെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
Read More: അരിത ബാബുവിന്‍റെ വീടിന് നേരെ ആക്രമണം, പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ്
മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി പികെ ജയലക്ഷ്‌മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെയും സിപിഎം ആക്രമണം അഴിച്ചുവിടുകയുണ്ടായി. എല്ലാ മര്യാദകളും ലംഘിച്ച് തെരഞ്ഞെടുപ്പിൽ പോലും അക്രമരാഷ്ട്രീയം നടപ്പാക്കാനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം ഈ രാഷ്ട്രീയ അസഹിഷ്‌ണുതയ്ക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.