ആലപ്പുഴ: കൊമ്മാടിയിൽ സാനിറ്റൈസർ കയറ്റി വന്ന ട്രാവലർ കനാലിലേക്ക് മറിഞ്ഞു. കൊല്ലത്ത് നിന്നും സാനിറ്റൈസറുമായി അരൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മട്ടാഞ്ചേരി പാലത്തിനും പോപ്പി പാലത്തിനും ഇടയിലായിരുന്നു അപകടം. സംഭവത്തിൽ ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അരൂർ സ്വദേശി ബൈജു, തൃപ്പൂണിത്തുറ സ്വദേശി വിനീത് (31) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
പ്രദേശത്ത് കനാൽ നവീകരണവും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ മണൽ കൂട്ടിയിട്ടിരുന്നു. അതിൽ തട്ടിയാണ് വാഹനം കനാലിലേക്ക് മറിഞ്ഞത്. കനാലിന്‍റെ നടുവിലേക്ക് വീണ വാഹനം പൂർണമായി കാനാലിൽ മുങ്ങി. എന്നാൽ സംഭവ സ്ഥലത്തോട് ചേർന്ന് താമസിക്കുന്ന കൊമരോത്ത് ഹൗസിൽ സെബാസ്റ്റ്യൻ എന്നയാളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വാഹനത്തിലുള്ളിൽ അകപ്പെട്ട ഡ്രൈവറെയും സഹായിയെയും രക്ഷിക്കാനായത്. അപകടത്തെ തുടർന്ന് ശബ്ദം കേട്ട് പുറത്തിയറങ്ങിയ സെബാസ്റ്റ്യൻ ഉടൻ തന്നെ കനാലിൽ ചാടി വാഹനത്തിന്‍റെ ഡോർ തുറക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ നീന്തി കരക്കെത്തി. എന്നാൽ നീന്തൽ അറിയാത്ത സഹായിയെ സെബാസ്റ്റ്യൻ സാഹസികമായി വാഹനത്തിന്‍റെ മുകളിൽ കയറ്റി ഇരുത്തുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് സഹായിയെ കരക്കെത്തിച്ചത്.