ആലപ്പുഴ : കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് ആലപ്പുഴയിൽ വിവിധ ഇടങ്ങളിൽ ട്രാക്ടർ റാലികൾ സംഘടിപ്പിച്ചു. കുട്ടനാട്, അപ്പർ കുട്ടനാട്, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, അരൂർ പ്രദേശങ്ങളിലാണ് ട്രാക്ടർ റാലികൾ സംഘടിപ്പിച്ചത്.
സിപിഎം, സിപിഐ, അഖിലേന്ത്യാ കിസാൻസഭ, കേരള കർഷകസംഘം, കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പലയിടത്തും ഐക്യദാർഢ്യ റാലികൾ സംഘടിപ്പിച്ചത്. ആലപ്പുഴ നഗരത്തിൽ കലപ്പയും നെൽക്കതിരുമേന്തിയാണ് ആളുകൾ റാലിയിൽ പങ്കെടുത്തത്. ഡൽഹിയിൽ കർഷകസമരം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ സമര വളണ്ടിയർമാരെ സജ്ജമാക്കി ഡൽഹിയിലേക്ക് അയക്കുവാനാണ് കർഷക സംഘടനകളുടെ തീരുമാനം.