ആലപ്പുഴ: ജാതി പറഞ്ഞു വോട്ടഭ്യർഥിക്കരുതെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് തള്ളി മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. എല്ലാ രാഷ്ട്രീയ പാർട്ടികളും ജാതി പറഞ്ഞാണ് വോട്ടഭ്യർഥിക്കുന്നതെന്നും സ്ഥാനാർഥി നിർണയത്തിൽ പോലും ജാതി അടിസ്ഥാന മാനദണ്ഡമാക്കുന്നുണ്ടെന്നും തുഷാർ പറഞ്ഞു.
ഓരോ സമുദായ പാർട്ടികളും സാമുദായിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും സാമുദായിക സംഘടനകളുടെ സഹായം അഭ്യർഥിച്ച് അവരുടെ അടുക്കൽ പോകാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിന്റെയും കേരളാ കോൺഗ്രസിന്റെയും അടിത്തറ ഇത് തന്നെയാണെന്നും സാമുദായിക പാർട്ടികളെ രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവദിക്കുന്നത് ആരാണെന്നും തുഷാർ ചോദിച്ചു.