ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റ് സ്ഥാനം നേടിയ തൃപ്പെരുന്തുറ പഞ്ചായത്തിൽ ആ സ്ഥാനം രാജിവെക്കാൻ സിപിഎം എടുത്ത നിലപാട് സിപിഎം- ബി ജെ പി അവിശുദ്ധ സംഖ്യത്തിൻ്റെ സൂചനയാണെന്ന് ആലപ്പുഴ ഡിസിസി അദ്ധ്യക്ഷൻ എം.ലിജു ആരോപിച്ചു.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ സിപിഎമ്മിനേക്കാൾ സീറ്റുകളുള്ളത് കോൺഗ്രസിനാണ്. എന്നാൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പട്ടികജാതി വനിത സംവരണമുള്ള പഞ്ചായത്തിൽ ബിജെപിക്കും സിപിഎമ്മിനും മാത്രമാണ് ഈ വിഭാഗത്തിൽ അംഗങ്ങളുള്ളത്. അതിനാലാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ആറു കോൺഗ്രസ് അംഗങ്ങളും സിപിഎമ്മിൻ്റെ വിജയമ്മ ഫിലേന്ദ്രനു വോട്ട് ചെയ്‌തത്.
സിപിഎമ്മിൻ്റെ പ്രസിഡൻ്റ് രാജിവെയ്ക്കുന്നതോടെ പ്രസിഡന്‍റ് സ്ഥാനം ബിജെപിയുടെ കൈകളിലെത്താനുള്ള സാധ്യതയേറും. തിരുവൻവണ്ടൂർ പഞ്ചായത്തിലും സമാന സാഹചര്യത്തിൽ സിപിഎമ്മിൻ്റെ പ്രസിഡന്‍റ് ,വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥികൾ രാജിവെച്ചിരുന്നുവെന്നും എം ലിജു ആലപ്പുഴയിൽ പറഞ്ഞു.