ആലപ്പുഴ: യുവതിയെ കടന്നുപിടിച്ച എൻസിപി നേതാവിനെതിരായ കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രിക്ക് പിന്തുണയുമായി തോമസ് കെ തോമസ് എംഎൽഎ. എൻസിപിയുടെ ബ്ലോക്ക് പ്രസിഡന്‍റിനെയാണ് മന്ത്രി വിളിച്ചതെന്നും ഒത്തുതീർപ്പാക്കാനായി വിളിച്ചതല്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിയുടെ സംസാരം കേട്ടാൽ അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപി ബ്ലോക്ക് പ്രസിഡന്‍റും പാർട്ടിയുടെ നിർവാഹക സമിതി അംഗവും തമ്മിൽ നാളുകളായി അവിടെ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തുടർന്ന് ബ്ലോക്ക് പ്രസിഡന്‍റിന്‍റെ മകൾ വിരുദ്ധ ചേരിയിൽ നിന്ന് മത്സരിക്കുകയും പല പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഈ സംസാരം ഉണ്ടായത്.
അല്ലാതെ മറ്റൊരു ഒത്തുതീർപ്പോ മറ്റൊരു സംസാര വിഷയമോ ഇതിലില്ല. മന്ത്രി പറഞ്ഞത് വളരെ വ്യക്തമാണ്. അത് ഒത്തുതീർപ്പല്ല, അത് ശ്രദ്ധിച്ചു കേട്ടാൽ മനസിലാകും. പാർട്ടിക്ക് ക്ഷീണം ചെയ്യുന്നതിനാൽ നിർവാഹക സമിതി അംഗവും ബ്ലോക്ക് പ്രസിഡന്‍റും തമ്മിൽ ഒത്തുതീർപ്പിൽ എത്തണമെന്നാണ് മന്ത്രി പറഞ്ഞത്. അല്ലാതെ അതിൽ മറ്റൊരു ദുരൂഹതയില്ല. ഇതെല്ലാം പറഞ്ഞു വലുതാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തിൽ മന്ത്രിയായിപ്പോയി എന്നൊരു പ്രശ്നമേയുള്ളുയെന്നും അദ്ദേഹം പറഞ്ഞു.
Also read: പീഡന പരാതി ഒത്തുതീർപ്പാക്കൽ; എകെ ശരീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മിഷനും പരാതി