ആലപ്പുഴ : ആശങ്ക വർധിപ്പിച്ച് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടും പ്രളയബാധിത മേഖലകളിൽ നിന്ന് മാറാൻ തയ്യാറാകാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനാണ് അധികൃതരുടെ നിർദേശം. കഴിഞ്ഞ വർഷത്തെ പ്രളയാബാധിത പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പമ്പ, അച്ചൻകോവിൽ നദികളാണ് ചെങ്ങന്നൂരിലൂടെ ഒഴുകുന്നത്. ഇവ കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങിങ്ങിയത്. കഴിഞ്ഞ പ്രളയം ദുരിതം വിതച്ച പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.