ആലപ്പുഴ: സുവർണമായ കാലഘട്ടത്തിലൂടെയാണ് കേരള വെയർഹൗസിങ് കോർപറേഷൻ കടന്നുപോകുന്നതെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. മുന്‍ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് മികച്ച ലാഭം ഉണ്ടാക്കിയ ഡയറക്‌ടർ ബോർഡാണ് ഇന്ന് കോർപറേഷന്‍റെ തലപ്പത്തുള്ളത് എന്നും മന്ത്രി പറഞ്ഞു. 1435 മെട്രിക് ടൺ സംഭരണശേഷിയോടെ ചെങ്ങന്നൂർ മണ്ഡലത്തിൽ ആരംഭിക്കുന്ന വെയർ ഹൗസിങ് കോർപറേഷന്‍റെ ഗോഡൗണിന്‍റെ ശിലാസ്ഥാപന കർമം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന വെയർ ഹൗസിങ് കോർപറേഷൻ, ഉത്തരവാദിത്വത്തോടെയും കൂട്ടായ്‌മയോടെയുമുള്ള പ്രവർത്തനങ്ങളുടെയും ഫലമായാണ് ഇന്ന് മെച്ചപ്പെട്ട നിലവാരത്തിലേക്ക് എത്തിയത് എന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 1435 സംഭരണശേഷിയുള്ള ഒരു ഗോഡൗൺ ചെങ്ങന്നൂർ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തിനും ഏറെ നേട്ടങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മാവേലിക്കര എം. പി കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായി. വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ, മാനേജിങ് ഡയറക്‌ടർ പി.എച്ച് അഷ്‌റഫ് ഐ.പി.എസ് (റിട്ടേ), വിവിധ ജനപ്രതിനിധികൾ, രാഷ്‌ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.