ആലപ്പുഴ: സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. സംസ്ഥാനത്തെ കടൽതീരമേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കികൊണ്ട് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായുള്ള സംസ്ഥാന തല കബഡി ചാമ്പ്യൻഷിപ്പ് ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബജറ്റിൽ ഏകദേശം 2000 കോടിയോളം രൂപയാണ് കായികമേഖലക്കായി ഇത്തവണ മാറ്റിവച്ചത്. സംസ്ഥാനത്തെ കായിക താരങ്ങൾ മിന്നുന്ന പ്രകടനമാണ് അന്താരാഷ്ട്ര വേദികളിൽ വരെ കാഴ്ചവക്കുന്നത്. അടുത്ത ബജറ്റിൽ കായികമേഖലക്കായി കൂടുതൽ തുക നീക്കിവക്കുമെന്നും ജില്ലയിലെ കായികരംഗം ഊർജപ്പെടുത്താൻ ചെത്തി -മാരാരിക്കുളം ഭാഗങ്ങളിലായി ഹോക്കി, ക്രിക്കറ്റ് , ഫുട്ബാൾ ഗ്രൗണ്ടുകൾ ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളെയും പ്രതിനിധീകരിച്ചു കൊണ്ടുള്ള പുരുഷ - വനിതാ ടീമുകൾ ആണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മേളയ്ക്ക് മുന്നോടിയായി കളരിപപ്പയറ്റ്, നാടൻപ്പാട്ട്, മുതലായവ അരങ്ങേറി. ചടങ്ങിനോടനുബന്ധിച്ച് മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേഷ് നടേശൻ, മുൻ അന്താരാഷ്ട്ര കബഡി താരങ്ങൾ എന്നിവരെ ആദരിച്ചു. സംസ്ഥാന തലത്തിൽ ആലപ്പുഴ കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ബീച്ച് ഗെയിംസ് നടക്കുന്നത്.