അലപ്പുഴ : കൊയ്ത്ത് പൂര്‍ത്തിയാക്കാതെ യന്ത്രങ്ങള്‍ ജില്ലയില്‍ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ജില്ലയിലെ നെല്ല് സംഭരണം സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്താൻ ആലപ്പുഴ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നെല്ല് സംഭരണം കൃത്യമായും സുതാര്യമായും നടക്കുന്നുണ്ടെന്നും കർഷകർക്ക് അതിന്‍റെ ന്യായമായ വില നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അധിക തുകയാണ് ഇത്തവണ സർക്കാർ നെൽ കർഷകർക്ക് നൽകുന്നത്. കൊയ്ത്ത് പൂര്‍ത്തിയാക്കാതെ യന്ത്രങ്ങള്‍ ജില്ലയില്‍ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടനാട്ടിലെ കൊയ്ത്ത് സര്‍ക്കാര്‍ അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ കലക്ടർക്ക് ഈ കാര്യത്തിൽ അധികാരം ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ ജില്ലയിലെ 16,194 ഹെക്ടര്‍ പാടത്തെ കൊയ്ത് നടന്നിട്ടുണ്ട്. അതിൽ നിന്നും ഇതുവരെ 91,270 മെട്രിക് ടണ്‍ വിളവ് ലഭിക്കുകയും അതിൽ 83,710 മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും ചെയ്തു. ബാക്കി 10,469 ഹെക്ടറിലെ കൊയ്തത്താണ് നടക്കാനുള്ളത്. ഇതുവരെ 227 കോടി രൂപയുടെ നെല്ല് കുട്ടനാടൻ പ്രദേശത്ത് നിന്ന് എടുത്തതായി മന്ത്രി അറിയിച്ചു.
അതേ സമയം കൊയ്ത്ത് യന്ത്രങ്ങളുടെ കുറവ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തുടർന്ന് 100 യന്ത്രങ്ങള്‍ അധികമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ പാലക്കാട് ജില്ല കലക്ടറുമായി സംസാരിച്ച് അവിടത്തെ കൊയ്ത്ത് തീര്‍ന്ന പാടശേഖരങ്ങളില്‍ നിന്ന് യന്ത്രങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.