ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് പോസറ്റീവ് കേസുകൾ ആലപ്പുഴയില്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ജില്ലയില്‍ അതീവ ജാഗ്രത തുടരണമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിലെ സ്ഥിതിയിൽ ആശങ്കയുണ്ട്, എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. നിലവിൽ നൂറനാട് ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്‌സ് സൈനികർക്കാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. ഐറ്റിബിപി ക്യാമ്പിലെ 78 ഉദ്യോഗസ്ഥർക്ക് ഇന്ന് മാത്രം പരിശോധനയില്‍ പോസിറ്റീവ് റിസല്‍ട്ട് ലഭിച്ചു. ജില്ലയിൽ ഇന്ന് അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ബാധയുണ്ടായത്. സംസ്ഥാന വ്യാപകമായി തീരദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി ജില്ലയിലെ തീരദേശത്തും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നിട്ടുണ്ട്. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കും. അവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കടലോര ജാഗ്രതാസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.