ആലപ്പുഴ: കുട്ടികളിൽ പൗരബോധവും സമൂഹസ്‌നേഹവും വളർത്താൻ 2008ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയായ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്‌പിസി) സംസ്ഥാനത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് പത്ത് വർഷം. കോഴിക്കോടും എറണാകുളത്തും ആദ്യം തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തതോടെ എസ്‌പിസി ആലപ്പുഴയില്‍ ആരംഭിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു. മൂന്ന് ജില്ലകളിൽ നടപ്പാക്കിയ സ്‌റ്റുഡന്റ് പൊലീസ് സംസ്ഥാനത്ത് 715 സ്‌കൂളുകളിലേക്ക് വ്യാപിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളായാണ് എസ്പിസി പ്രവർത്തിക്കുന്നത്. 33 പേരടങ്ങുന്നതാണ് ഒരുബാച്ച്. എഴുത്തുപരീക്ഷയ്‌ക്കും കായികക്ഷമതാ പരീക്ഷയ്‌ക്കും ശേഷം പഠനനിലവാരം, കായികക്ഷമത, രക്ഷകർത്താവിന്റെ സമ്മതപത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് എസ്പിസിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് രണ്ടു വർഷത്തെ പരിശീലനമാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കുന്ന കേഡറ്റുകൾക്ക് നൽകുന്നത്. 60 മണിക്കൂർ പ്രായോഗിക പരിപാടികളും 40 മണിക്കൂർ പുസ്‌തക പഠനവും 30 മണിക്കൂർ ഫീൽഡ് വിസിറ്റുമായി 130 മണിക്കൂർ പരിശീലനമാണ് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് നൽകുന്നത്.
പുറമേ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ഗതാഗത നിയമങ്ങളുടെ ബോധവൽക്കരണ പരിപാടി ശുഭയാത്ര, വൃക്ഷത്തൈ നട്ടുപരിപാലിക്കുന്ന മൈട്രീ, കിടപ്പുരോഗികളായ കുട്ടികളെ വീടുകളിലെത്തി പഠിപ്പിക്കുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഫ്രണ്ട്സ് അറ്റ് ഹോം, ടോട്ടൽ ഹെൽത്ത്, ലീഗൽ അവയർനെസ് തുടങ്ങിയ വ്യത്യസ്‌ത പരിപാടികളുമുണ്ട്. ഒരു സ്‌കൂളിൽ രണ്ട് ഡ്രിൽ ഇൻസ്‌പെക്‌ടർമാർ (പൊലീസ്), രണ്ട് കമ്യൂണിറ്റി പൊലീസ് (അധ്യാപകർ) എന്നിവരുണ്ടാകും. പ്രഥമാധ്യാപകനും സ്ഥലം സിഐക്കുമാണ് കേഡറ്റുകളുടെ ചാർജ്. സ്വമേധയാ താൽപര്യം പ്രകടിപ്പിക്കുന്ന സ്കൂളിലെ രണ്ട് അധ്യാപകരെ കണ്ടെത്തി അവർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് എസ്പിസിയുടെ ചുമതല നൽകുന്നത്.