ആലപ്പുഴ: ലോക് ഡൗൺ കാലത്ത് കലാലയങ്ങളും കലോത്സവങ്ങളും മുടങ്ങിയ സാഹചര്യത്തിൽ അവ ഓൺലൈനായി നടത്തുകയാണ് എസ്എഫ്ഐയുടെ എഞ്ചിനീയറിങ് വിദ്യാർഥി സംഘടനയായ ടെക്നോസ്. വരയും പാട്ടും നൃത്തചുവടുകളുമായി അരങ്ങു വാഴേണ്ടവർ വീടുകളുടെ നാല് ചുമരുകളിൽ കഴിയേണ്ടി വരുന്നല്ലോ എന്ന ചിന്തയാണ് സംഘാടകരെ ഇത്തരമൊരു ആശയത്തിലേക്കെത്തിച്ചത്. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിങ് കോളജുകളിലെ വിദ്യാർഥികളെയും ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന ഓൺലൈൻ കലോത്സവത്തിൽ മൂന്ന് ദിവസങ്ങളിലായാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
2,700ലധികം വിദ്യാർഥികളാണ് 30 ഇനങ്ങളിലായി കലോത്സവത്തിൽ മാറ്റുരക്കുന്നത്. ഓൺലൈൻ കലോത്സവം ആലപ്പുഴ എംപി എ.എം.ആരിഫ് ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർഥികളുടെ സർഗപരമായ കഴിവുകൾ മാറ്റുരയ്ക്കുന്ന ഓൺലൈൻ കലോത്സവം വിദ്യാർഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന മഹത്തായ ഉദ്യമമാണെന്ന് എംപി പറഞ്ഞു.
വ്യത്യസ്‌തമായ ആശയമായത് കൊണ്ടുതന്നെ വിദ്യാർഥികൾ എത്രത്തോളം ഇത് സ്വീകരിക്കുമെന്ന് ആശങ്കയിലായിരുന്നു സംഘാടകർ. എന്നാൽ വിദ്യാർഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എസ്എഫ്ഐ ടെക്നോസ് ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ ഓൺലൈൻ ക്ലാസുകളും ട്യൂഷൻ ക്ലാസുകളും എസ്എഫ്ഐ ടെക്നോസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.