ആലപ്പുഴ: മന്ത്രിസഭ തീരുമാനപ്രകാരം ആലപ്പുഴയില്‍ നടക്കുന്ന രണ്ടാംദിന സാന്ത്വന സ്‌പർശം പരാതി പരിഹാര അദാലത്ത് ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരാണ് അദാലത്തില്‍ പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്നത്. എടത്വ സെന്‍റ് അലോഷ്യസ് കോളജിലാണ് അദാലത്ത് സംഘടിപ്പിച്ചത്. കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ നിന്ന് 3055 പരാതികള്‍ ഓണ്‍ലൈനായി മാത്രം ലഭിച്ചു. നേരിട്ട് എത്തിയ പരാതികള്‍ മന്ത്രിമാര്‍ പരിശോധിച്ചുവരികയാണ്.
രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 896 പരാതികള്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എല്ലാത്തിലും ഇന്നുതന്നെ തീര്‍പ്പ് കല്‍പ്പിക്കും. സര്‍ക്കാര്‍ വിട്ടുപോയ പ്രവർത്തനങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങള്‍ നേരിട്ട് മന്ത്രിമാര്‍ക്ക് പരാതി നല്‍കാനുള്ള അവസരമുള്ളതിനാല്‍ മറുപടിക്ക് നീണ്ട കാലതാമസം ഉണ്ടാവില്ല എന്നതാണ് അദാലത്തിന്‍റെ പ്രത്യേകതയെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ഇവിടെ പരിഹരിക്കാവുന്നവ ഇവിടെ തന്നെ തീര്‍പ്പാക്കുകയും ഉന്നതതല തീരുമാനം വേണ്ടത് ശുപാര്‍ശയോടെ മുകളിലേക്ക് അയയ്ക്കുകയും ചെയ്യും. സാമൂഹിക സുരക്ഷയിലും ക്ഷേമ പ്രവര്‍ത്തനത്തിലും ഏറെ മുന്നിലാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചടങ്ങില്‍ സംസാരിച്ച ഭക്ഷ്യ വകുപ്പുമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25,000 രൂപ വരെ അനുവദിക്കുന്നുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. ആദ്യം പരിഗണിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളായിരുന്നു. 25,000ന് മുകളില്‍ ധനസഹായം നല്‍കേണ്ട അപേക്ഷകള്‍ ശുപാര്‍ശ പ്രകാരം സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കും. എത്രയും പെട്ടെന്ന് ഇതില്‍ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിഎംഡിആര്‍എഫ് അപേക്ഷകള്‍ പരിശോധിച്ച ശേഷം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിച്ചു. മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി നാലിന് മാവേലിക്കര ബിഷപ്പ് ഹോഡ്‌ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.