ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ ആരോപണങ്ങളുമായി ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു. പോളിടെക്നിക് ബിരുദധാരി മാത്രമായ വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ പത്തുവർഷത്തിനിടെ മാത്രം ആയിരം കോടിയിലധികം രൂപയുടെ സ്വത്താണ് സമ്പാദിച്ചത്. ഇതെല്ലാം എസ്എൻഡിപി യോഗത്തെ മുൻ നിർത്തി സമ്പാദിച്ചതാണെന്നും സുഭാഷ് വാസു ആരോപിച്ചു.
2002ൽ ആദായ നികുതി വകുപ്പ് വെള്ളാപ്പള്ളിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു കോടി 80 ലക്ഷം രൂപയാണ് തുഷാറിന്റെ സമ്പാദ്യമായി കണ്ടെത്തിയത്. എന്നാൽ ഇത്തവണ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച രേഖകളിൽ തുഷാറിന്റെ സ്വത്തിന്റെ കണക്ക് എത്രയാണെന്ന് എല്ലാവർക്കും അറിവുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാക്കാവുവിൽ തുഷാറിന് സ്വന്തമായി ഫ്ലാറ്റ് ഉണ്ടെന്നും ഇത്തരത്തിൽ തുഷാറുമായി ബന്ധപ്പെട്ട കഥകൾ നിരവധിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു വ്യക്തമാക്കി. ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ തുഷാറിന് ബിസിനസ് സംരംഭങ്ങളുണ്ടെന്നും ഇടപാടുകൾ നടത്തിയിരുന്നത് മറിയം എന്ന സ്ത്രീയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ തന്നെ ഞെട്ടിച്ച പല കൊലപാതക കേസുകളുടെ കഥകളും വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് ഇനിയും പുറത്ത് വരാനുണ്ടെന്നും സുഭാഷ് വാസു ആലപ്പുഴയിൽ പറഞ്ഞു.