ആലപ്പുഴ: തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റേയും പ്രമീഷയുടേയും മകന്‍ സിദ്ധാര്‍ഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തലവടി കിളിരൂരില്‍ വാടക വീട്ടില്‍വച്ചാണ് സംഭവം. രാത്രി ഭക്ഷണത്തിന് ശേഷം മൊബൈല്‍ ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാവ് മുറിയുടെ വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അലര്‍ച്ചയോടെ പ്രമീള ബെഡ്ഷീറ്റ് അറുത്ത് സിദ്ധാര്‍ഥിനെ കട്ടിലില്‍ കിടത്തി. ഓടിക്കൂടിയ നാട്ടുകാര്‍ എടത്വാ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും, നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ എടത്വ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടന്ന മുറിയുടെ ജനാലയോട് ചേര്‍ന്ന് ലൈവ് ചിത്രീകരിക്കുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തി. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സഹപാഠികളെ കബളിപ്പിക്കാന്‍ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാരുടെ സംശയം. മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവം നടക്കുമ്പോള്‍ അജയകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടൂ വിദ്യാര്‍ഥിയാണ് മരിച്ച സിദ്ധാര്‍ഥ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കേളമംഗലത്തെ കുടുംബ വീട്ടില്‍ മൃതദേഹം സംസ്‌കരിക്കും.