ആലപ്പുഴ : കൊവിഡ് ബാധിച്ച് മരിച്ച, വിരമിച്ച അധ്യാപികയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുന്നത് മകനും, കുടുംബവും തടഞ്ഞു. ചേർത്തലക്കടുത്ത് പള്ളിപ്പറം വടക്കുംകരയിലാണ് സംഭവം. വടക്കുംകര പുത്തൻപുരക്കൽ ശിവാനി(84) യാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. പരേതനായ സുകുമാരൻ്റെ ഭാര്യയാണ്. ഒരു കോമ്പൗണ്ടിൽ തന്നെയുള്ള രണ്ട് വീടുളിലാണ് ഇവരുടെ മകനും മകളും താമസിക്കുന്നത്. കുടുംബവഴക്കിനെത്തുടർന്ന് അമ്മ മകളോടൊപ്പമാണ് താമസിച്ചിരുന്നത്. കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടിൽ സംസ്കരിക്കാന്‍ അനുവദിക്കാതെ മകൻ ഗെയ്റ്റ് താഴിട്ട് പൂട്ടിയതാണ് തർക്കത്തിനും, സംഘർഷാവസ്ഥയ്ക്കും വഴിയൊരുക്കിയത്.
Also Read: ആലപ്പുഴയിലെ കായൽ ടൂറിസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് പി.പി ചിത്തരഞ്ജൻ
പഞ്ചായത്ത് പ്രസിഡൻ്റും, മുൻ പ്രസിഡൻ്റും അംഗങ്ങളും, നാട്ടുകാരും പൊലീസുമെത്തി അനുനയ ശ്രമം നടത്തിയെങ്കിലും ഗെയ്റ്റ് തുറന്നുകൊടുക്കാൻ അവർ തയ്യാറായില്ല. ഈ സമയമത്രയും മകൻ്റെ കരുണ കാത്ത് അമ്മയുടെ മൃതദേഹം ആംബുലൻസിൽ കിടന്നു. സംസ്കാരത്തിന് തയ്യാറായി പിപിഇ കിറ്റിട്ട് ഡിവൈഎഫ്ഐ വോളണ്ടിയർമാരും കാത്തുനിന്നു.
Also Read: ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പൊലീസിൻ്റെ സാന്നിധ്യത്തില്‍ നാട്ടുകാർ ഗെയ്റ്റ് ബലമായി തുറന്ന് അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് മകളുടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. തർക്കത്തിനിടെ കൊണ്ടുവന്ന മുളക് പൊടിയും, മണ്ണെണ്ണയും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ചേർത്തല പൊലീസ് അറിയിച്ചു.