ആലപ്പുഴ: ചേർത്തലയിൽ പുതിയ നഗരസഭാധ്യക്ഷയായി എൽഡിഎഫിലെ ഷേർളി ഭാർഗ്ഗവനെ തെരഞ്ഞെടുത്തു. നഗരസഭ എട്ടാംവാർഡിന്‍റെ പ്രതിനിധിയായ ഷേർളി ഭാർഗ്ഗവൻ നഗരസഭയുടെ പന്ത്രണ്ടാമത്തെ അധ്യക്ഷയാണ്.
പത്ത് വർഷങ്ങൾക്ക് മുൻപ് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷയായി ഷേർളി ഭാർഗ്ഗവൻ പ്രവർത്തിച്ചിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് നഗരസഭാ ഭരണം ഇടത് മുന്നണിക്ക് ലഭിക്കുന്നത്. ആകെയുള്ള 35 സീറ്റിൽ എൽഡിഎഫിന് 21 സീറ്റും യുഡിഎഫിന് 10 സീറ്റും എൻഡിഎയ്ക്ക് മൂന്ന് സീറ്റുമാണുള്ളത്. ഒരു സീറ്റിൽ സ്വതന്ത്രനാണ് വിജയിച്ചത്. യുഡിഎഫിൽ നിന്ന് പ്രമീളാദേവി, എൻഡിഎയിൽ നിന്ന് ആശാ മുകേഷ് എന്നിവരും മത്സരിച്ചിരുന്നു. 22 വോട്ട് നേടിയാണ് ഷേർളി ഭാർഗ്ഗവൻ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒൻപതാം വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിച്ച പി.എസ്.ശ്രീകുമാർ എൽഡിഎഫിനൊപ്പം നിന്നു. വരണാധികാരി ബി.വിനുവിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ഷേർളി ഭാർഗ്ഗവൻ ചുമതലയേറ്റു.