ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കാറ്റിലും മഴയിലും നാശനഷ്‌ടം സംഭവിച്ച വള്ളങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മക്കും കത്ത് നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതോടൊപ്പം അടിയന്തര സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ ജില്ലാ കലക്‌ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഞായറാഴ്‌ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും അമ്പലപ്പുഴ തീരത്ത് ഒമ്പത് വള്ളങ്ങള്‍ക്ക് നാശനഷ്‌ടം ഉണ്ടായി. ഇതില്‍ നാല് വള്ളങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. വലകളും എഞ്ചിനും എല്ലാവര്‍ക്കും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ സഹായം നല്‍കാന്‍ ഫിഷറീസ് വകുപ്പ് മന്ത്രിയോട് മന്ത്രി ജി.സുധാകരന്‍ അഭ്യര്‍ഥിച്ചു. തൊഴില്‍ നഷ്‌ടപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നതിനുള്ള തീരുമാനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.