ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആലപ്പുഴയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കാര്‍ മാര്‍ഗമാണ് സച്ചിന്‍ ആലപ്പുഴയിലെത്തിയത്. രാവിലെ ആലപ്പുഴ ജില്ലാ കലക്ടറടക്കമുള്ളവര്‍ സച്ചിന്‍ തങ്ങുന്ന സ്വകാര്യ റിസോര്‍ട്ടിലെത്തി അദ്ദേഹത്തെ കാണും.
ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യ മത്സരമെന്നതാണ് 67ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ പ്രത്യേകത. 79 വള്ളങ്ങള്‍ ഇത്തവണ പുന്നമടയുടെ ജലമാമാങ്കത്തില്‍ മാറ്റുരക്കും. മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ നാല് വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻ വള്ളങ്ങളാണ് വള്ളംകളിക്കെത്തുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും.
ഉച്ചക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ വേഗപ്പോര് തുടങ്ങുക. ചുണ്ടൻ വള്ളങ്ങളുടെ ആറ് ഹീറ്റ്‌സ് മത്സരങ്ങളും ഒരു പ്രദർശന മത്സരവുമാണുള്ളത്. ആദ്യത്തെ നാല് ഹീറ്റ്‌സിൽ മൂന്ന് ട്രാക്കുകളിലും അവസാനത്തെ രണ്ട് ഹീറ്റ്‌സിൽ നാല് ട്രാക്കുകളിലുമാണ് മത്സരം. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ മത്സരിക്കുക. എല്ലാ പവലിയനുകളിലും സിസിടിവി നിരീക്ഷണത്തിന് പ്രത്യേക കണ്ട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. കുറ്റമറ്റ രീതിയിലുള്ള സ്റ്റാർട്ടിങ് സംവിധാനമാണ് ഇത്തണവയും.