ആലപ്പുഴ: ചേര്‍ത്തല നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി സെക്രട്ടറി എസ്.ശരത്തിനെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. നാടിന്‍റെ ഏതൊരു ആവശ്യത്തിനും തോളോട് തോള്‍ ചേര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവനേതാവ് മാത്രമല്ല, വിദ്യാർഥികളുടെ പ്രിയങ്കരനായ അധ്യാപകന്‍ കൂടിയാണ് എസ് ശരത്. പൊതു പ്രവര്‍ത്തകനായും അഭിഭാഷകനായും തിരക്കിട്ട ജീവിതം നയിക്കുമ്പോഴും തന്‍റെ പ്രിയ വിദ്യാർഥികളെ പഠിപ്പിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. പുലര്‍ച്ചെ ആറരയ്ക്ക് എത്തും, എട്ടുമണി വരെ നീളുന്ന പാരലല്‍ കോളജ് ജീവിതം കഴിഞ്ഞ് പൊതുപ്രവര്‍ത്തനത്തിലേക്കും.
ചേര്‍ത്തല തെക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി ക്ലാസില്‍ നിന്നും കെഎസ്‌യു പ്രതിനിധിയായി മത്സരിച്ച് വിദ്യാർഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ചേര്‍ത്തല എന്‍എസ്എസ് കോളജിലെ പ്രീ ഡിഗ്രി പഠന കാലത്ത് രണ്ട് വര്‍ഷങ്ങളിലും കോളജ് യൂണിയന്‍ ഭാരവാഹിയായി തെരെഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടി. കോളജ് യൂണിയന്‍ ചെയര്‍മാനായും ശരത് മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് കെഎസ്‌യു ചേര്‍ത്തല താലൂക്ക് പ്രസിഡന്‍റായും ജില്ലാ വൈസ് പ്രസിഡന്‍റായും തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലേക്കും നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ (എന്‍എസ്‌യു) ദേശീയ നിർവാഹക സമിതി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ശേഷം എന്‍എസ്‌യുവിലേക്ക് ആലപ്പുഴയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി നേതാവും ശരത് തന്നെ.
2016ല്‍ ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി 2017- 2019 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു. തൊട്ടടുത്ത വർഷം യുവാക്കളെ പ്രതിനിധാനം ചെയ്ത് കെപിസിസി നിർവാഹക സമിതിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. നിലവിൽ ചേര്‍ത്തല കോടതിയില്‍ അഭിഭാഷകനായും അരീപ്പറമ്പിലെ നാരയണ വിദ്യാഭവൻ ട്യൂഷന്‍ സെന്‍ററിലെ അധ്യാപകനായും സേവനം തുടരുകയാണ് ശരത്.