ആലപ്പുഴ: കുട്ടനാട് മേഖലകളിലെ ഹോം ക്വാറന്‍റയ്നില്‍ കഴിയുന്നവരെ പൂർണമായും ആലപ്പുഴ നഗരസഭയിൽ സജ്ജീകരിച്ചിട്ടുള്ള സെന്‍ററുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചതായി കലക്ടർ എ അലക്‌സാണ്ടർ. ക്വാറന്‍റൈയിനില്‍ കഴിയുന്നവർ സെന്‍ററുകളിലേക്ക് പൂർണമായും മാറിയിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് അടിയന്തരമായി ഒഴിപ്പിക്കുന്നതിന് നടപടിയെടുത്തത്. ഇതുസംബന്ധിച്ച നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർ, മെഡിക്കൽ ഓഫിസർമാർ എന്നിവരെ ചുമതലപ്പെടുത്തി.
രക്ഷാപ്രവർത്തനങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സർക്കാർ സംവിധാനങ്ങളോടും ജില്ലാ ഭരണകൂടത്തോടും ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിൽ ക്വാറന്‍റൈയിനില്‍ കഴിയുന്നവരെ മാറ്റുന്നതിനുള്ള വാഹന സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ ക്രമീകരിക്കും. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്വാറന്‍റൈന്‍ സെന്‍ററുകളിൽ ശുചീകരണ പ്രവർത്തനങ്ങളും ആവശ്യമായ ഭക്ഷണം ഏർപ്പാട് ചെയ്യേണ്ടതും മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതലയാണെന്നും കലക്ടര്‍ അറിയിച്ചു.