ആലപ്പുഴ : പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും ചേർന്ന് സംഘടിപ്പിച്ച ‘ഇന്ത്യ എന്ന റിപ്പബ്ലിക്ക്' കലാജാഥയ്‌ക്ക് ജില്ലയിൽ മൂന്നിടങ്ങളിൽ സ്വീകരണം നൽകി. ആറു വനിതകളുൾപ്പടെ 20 കലാകാരന്മാരാണ് ജാഥയിൽ പങ്കെടുത്തത്.
കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതിയംഗം വി ഡി പ്രേം പ്രസാദാണ് സംവിധാനം. കാർത്തികേയൻ എങ്ങണ്ടിയൂരിന്റെ ഗാനാലാപനത്തോടെയാണ് ജാഥയുടെ തുടക്കം. ‘ഭരണഘടനശിൽപി ബി ആർ അംബേദ്‌ക്കർ’ തത്സമയ ചിത്രരചനയും പരിപാടിയുടെ ഭാഗമായി നടന്നു. ഇന്ത്യൻ ഭരണഘടനയുടെ മഹത്വം ഉദ്ഘോഷിക്കുന്ന സംഗീത ദൃശ്യവിഷ്‌കാരം, മഹാത്മാ ഗാന്ധിയുടെ ജീവിതവും സമരവും ചിത്രീകരിക്കുന്ന നാടക ദൃശ്യവിഷ്‌കാരം, മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയുള്ള ദൃശ്യാവിഷ്‌കാരം, എൻ എസ് മാധവൻ രചിച്ച ബോംബെ എന്ന കഥയുടെ നാടകാവിഷ്‌കാരം, സുഗതകുമാരിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം, ജയചന്ദ്രൻ തകഴിക്കാരന്റെ ഒറ്റയാൾ നാടകം എന്നിവയാണ് കലാജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്ന പരിപാടികൾ.
ആദ്യസ്വീകരണം മാവേലിക്കര തഴക്കര എംഎസ്എസ് സ്‌കൂളിൽ ആർ രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷയായി. സാക്ഷരത പ്രവർത്തകൻ എസ് അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എസ് പി ഹരിഹരൻ ഉണ്ണിത്താൻ, പ്രഥമാധ്യാപിക സാലി മേരി വർഗീസ്, എന്നിവർ സംസാരിച്ചു.
പുന്നപ്ര തെക്ക് വിജ്ഞാനപ്രദായിനി വായനശാല പരിസരത്തും വൈകിട്ട് സക്കറിയ ബസാറിലും സ്വീകരണം നൽകി. പുന്നപ്രയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് സമ്മേളനം ഉദ്ഘടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, ഉഷ ഫ്രാൻസിസ്, സാക്ഷരത മിഷൻ അസിസ്‌റ്റന്റ് ഡയറക്ടർ സന്ദീപ് ചന്ദ്രൻ, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ എസ് പി ഹരിഹരൻ ഉണ്ണിത്താൻ, ആർ റെജിമോൻ, കെ ആർ തങ്കജി, ഷാജി ഗ്രാമദീപം, ആർ സിംല എന്നിവർ സംസാരിച്ചു.