ആലപ്പുഴ: കുട്ടനാട്ടിലെ ആർ ബ്ലോക്കിന്റെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ. ആർ ബ്ലോക്ക് നവീകരണത്തിനായി വെള്ളം വറ്റിക്കൽ സംവിധാനമായ വി എ എഫ് പമ്പുകളുടെ സ്വിച്ച് ഓൺ കർമ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈനകരി ആർ ബ്ലോക്കിൽ നടന്ന ചടങ്ങിൽ കുട്ടനാട് എം എൽ എ തോമസ് ചാണ്ടി അധ്യക്ഷത വഹിച്ചു.കുട്ടനാട്ടിലെ ഏറ്റവും മനോഹരമായ പ്രദേശം, ഏറ്റവും കുടുതൽ ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്ന സ്ഥലം, കാർഷിക ഉത്പന്നങ്ങൾ സമൃദ്ധമായി ലഭിച്ചിരുന്ന സ്ഥലം തുടങ്ങി ഒട്ടേറെ വിശേഷണങ്ങളാണ് ആർ ബ്ലോക്കിന് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇത് ശ്മശാന ഭൂമിയായിമാറി. വൈദ്യുതി വിച്ഛേദിച്ചതും മോട്ടോറുകൾ നശിച്ചതും പ്രധാന കാരണങ്ങളായിരുന്നു. രണ്ടര വർഷത്തെ ശ്രമത്തിലൂടെ വീണ്ടും ആർ ബ്ലോക്കിന്റെ നഷ്ടപെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമം വിജയിച്ചിരിക്കുയാണെന്നും മന്ത്രി പറഞ്ഞു. വെള്ളത്തിൽ മുങ്ങിയാലും നശിക്കാത്ത 24 പമ്പു സെറ്റുകളാണ് പ്രവർത്തന സജ്ജമാക്കുന്നത്.
ഒന്നാം ഘട്ടമെന്ന നിലയിൽ 12 പമ്പുകൾ വരും ദിവസങ്ങളിൽ പ്രവർത്തിച്ചു തുടങ്ങും. എട്ടോളം ബ്ലോക്കുകളായി തിരിച്ചു കർഷക സമിതിയുണ്ടാക്കി സമിതികളുടെ നേതൃത്വത്തിൽ കൂട്ടുകൃഷി രീതിയിൽ ചെയ്താൽ അതിനാവശ്യമായ യന്ത്ര സംവിധാനങ്ങൾ നൽകാൻ കൃഷി വകുപ്പ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേര കേരള സമൃദ്ധ പദ്ധതിയിൽ ഉൾപ്പെടുത്തി 25000ത്തോളം തെങ്ങിൻ തൈകൾ നൽകാനും കൃഷി വകുപ്പ് തയ്യാറാണ് നൂറു ശതമാനം ജൈവ കൃഷിയാണ് വേണ്ടതെന്നും ആർ ബ്ലോക്കിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് വില്പനയ്ക്ക് നൽകുവാൻ വേണ്ട നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടി ചേർത്തു. കർഷകർക്കിടയിൽ ഐക്യം ആവശ്യമാണെന്നും സർക്കാരിന്റെ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ എല്ലാവരും ഒന്നിച്ചു കൂട്ടമായി പരിശ്രമിച്ചാൽ വിജയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.