ആലപ്പുഴ:സി.പി.എമ്മും ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണ് സോളാർ കേസ് സിബിഐയ്ക്ക് വിടുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വർഷക്കാലം ഷെൽഫിൽ ഇരുന്ന കേസ് ഇപ്പോൾ പൊടിതട്ടി എടുത്തത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും രാഷ്‌ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.ഇതൊക്കെ ജനങ്ങൾക്ക് മനസിലാക്കാൻ പറ്റുമെന്നും സോളാർ കേസിന്‍റെ പേരിൽ സർക്കാർ ഓല പാമ്പ് കാണിച്ച് ഭയപെടുത്തേണ്ട എന്നും ചെന്നിത്തല പറഞ്ഞു.
ഏത് അന്വേഷണ ഏജൻസി കേസ് അന്വേഷിക്കുന്നതിനോടും എതിർപ്പില്ല. എന്നാൽ ഇപ്പോഴുള്ള ഈ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. അതിനാലാണ് എതിർക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിലെ ആഭ്യന്തര വകുപ്പ് എന്ത് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എഫ്.ഐ.ആർ ഇട്ടതാണ്. നിമയത്തിന്‍റെ മുന്നിൽ നിലനിൽക്കുന്നതല്ലെന്നും സുപ്രീംകോടതി റിട്ടയേഡ് ജഡ്‌ജിയിൽ ഈ കേസ് നിലനിൽക്കില്ലെന്നും സർക്കാരിന് നിയമോപദേശം ലഭിച്ചതാണ്. ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇത്രയും കാലം സിബിഐയെ എതിർത്ത പിണറായി വിജയന് ഇപ്പോൾ പെട്ടന്ന് സിബിഐയോട് പ്രേമംതോന്നാൻ കാരണമെന്താണ് എന്നും ഷുക്കൂർ വധക്കേസിൽ ഉൾപ്പടെ സിബിഐ അന്വേഷണം വന്നപ്പോൾ അതിനെയെല്ലാം പിണറായി വിജയൻ എതിർത്തത് എന്തിനായിരുന്നു എന്നും ചെന്നിത്തല ചോദിച്ചു. ഇപ്പോഴുള്ള കേസുകൾ രാഷ്ട്രീയപ്രേരിതമായത് കൊണ്ടു തന്നെ അവയെ രാഷ്ട്രീയമായി നേരിടുമെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.