ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിനായി നൂറനാട് പാലമേൽ പഞ്ചായത്തിൽ നിന്ന് കുന്നിടിച്ച് മണ്ണ് എടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ. കഴിഞ്ഞ ദിവസം പാലമേൽ പഞ്ചായത്തിൽ നിന്നും മണ്ണ് കടത്താൻ ശ്രമം നടത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇത് തടയുകയും ചെയ്‌തിരുന്നു.
ഇന്ന് (നവംബർ 13) പുലർച്ചെ 5 മണിയോടുകൂടി വീണ്ടും മണ്ണെടുപ്പ് ആരംഭിക്കുകയായിരുന്നു. ഇതോടെ സ്ത്രീകൾ അടങ്ങുന്ന വലിയ സംഘം മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തി. മണ്ണുമായി ലോറികൾക്ക് പുറത്തേയ്ക്ക് പോകേണ്ടിയിരുന്ന മൂന്ന് വഴികളും പ്രതിഷേധക്കാർ ഉപരോധിച്ചു.
പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാരുടെ ഇടപെടലിൽ മണ്ണെടുപ്പ് ശ്രമങ്ങൾ തടഞ്ഞിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു. പരിസ്ഥിതിക്കും നാടിനും ദോഷം വരുന്ന ഒരു കാര്യവും തങ്ങൾ അനുവദിക്കില്ലെന്നും ഉപരോധത്തിൽ പങ്കെടുത്തവർ പറഞ്ഞു.
നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ വിഷയത്തിൽ മന്ത്രി പി പ്രസാദ് ഇടപെട്ടു. മണ്ണെടുക്കുന്ന കരാറുകാരുമായും സമരക്കാരുമായും ചർച്ച നടത്താൻ ജില്ല കലക്‌ടർ എ ഡി എമ്മിനെ ചുമതലപ്പെടുത്തി. നവംബർ 16ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി പ്രസാദ് പങ്കെടുത്ത് സർവ്വകക്ഷി യോഗം ചേരുമെന്നും അതുവരെ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്നും കരാറുകാരോട് എ ഡി എം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മണ്ണെടുപ്പ് താത്കാലികമായി നിർത്തിവച്ചു. ഇതിനെ തുടർന്ന് സമരസമിതിയുടെ ജനകീയ പ്രതിഷേധവും അവസാനിപ്പിച്ചു.