ആലപ്പുഴ: ഹരിപ്പാട് നഗരസഭ ചെയർമാനായി യുഡിഎഫിലെ കെ.എം രാജുവിനെ തെരഞ്ഞെടുത്തു. യുഡിഎഫ് അംഗം ശ്രീജ കുമാരിയാണ് വൈസ് ചെയർപേഴ്‌സൺ. ആദ്യ നാല് വർഷത്തിന് ശേഷം അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ പങ്കു വയ്‌ക്കാനും ധാരണയായി. ഇതനുസരിച്ച് കെ.എം. രാജുവിന് നാലുവർഷവും കെ.കെ. രാമകൃഷ്‌ണന് ഒരുവർഷവും ചെയർമാൻ സ്ഥാനം ലഭിക്കും. വൈസ് ചെയർപേഴ്‌സൺ സ്ഥാനം ശ്രീജ കുമാരിക്ക് നാലു വർഷവും സുബി പ്രജിത്തിന് ഒരു വർഷവും ലഭിക്കും.
നഗരസഭ മുൻ വൈസ് ചെയർമാൻ കൂടിയാണ് ഇപ്പോൾ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ട കെ.എം. രാജു. ശ്രീജ കുമാരി ആശാപ്രവർത്തകയും 18 വർഷമായി കുടുംബശ്രീ അംഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ചെയർമാനായി തെരഞ്ഞെടുത്ത കെ.എം. രാജു വരണാധികാരിക്ക് മുൻപിൽ സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേറ്റു. വികസനത്തിനും ഹരിപ്പാടിന്‍റെ പുരോഗതിക്കും മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിൽ തർക്കം നില നിന്നതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് നിലവിലെ ധാരണയിലേക്ക് യുഡിഎഫ് എത്തിയത്. യുഡിഎഫിന് 13, എൽഡിഎഫിന് ഒൻപത്, എൻഡിഎയ്ക്ക് അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില. ഇതിന് പുറമെ രണ്ട് സ്വതന്ത്രരും നഗരസഭയിലേക്ക് വിജയിച്ചിട്ടുണ്ട്.