ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയില്‍ തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പ്രവാസി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. കേരളം കാർഷിക രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് ശ്രമിക്കുകയാണ്. കൊവിഡിന് ശേഷം കേരളത്തിലുണ്ടാകാൻ പോകുന്ന വലിയ മാറ്റമായിരിക്കും കാർഷിക മേഖലയിലേത്. നിലവിലുള്ള പ്രതിസന്ധി കാർഷിക രംഗത്തിന് ഒരു അവസരമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കാർഷിക രംഗത്ത് വലിയ മാറ്റമുണ്ടാകുന്നതിനോടൊപ്പം ഉൽപാദക രംഗത്ത് സ്വയം പര്യാപ്‌തത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. കാർഷിക മേഖലക്ക് വേണ്ടി തുടക്കമിട്ടിരിക്കുന്ന സുഭിക്ഷ കേരളം പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. 3,800 കോടിയുടെ നൂതന പദ്ധതികളാണ് കാർഷിക മേഖലക്കായി ആവിഷ്‌കരിച്ചിട്ടുള്ളത്. കൃഷി വകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ടാണ് സുഭിക്ഷ പദ്ധതി നടപ്പാക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പ്രവാസി പച്ചക്കറി കൃഷിയുൾപ്പെടെ സുഭിക്ഷ കേരളത്തിൽ സംയോജിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി മലയാളിയായ മധു രവീന്ദ്രന്‍റെ രണ്ടേക്കർ പുരയിടത്തിലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എംപി, പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി.രാജു തുടങ്ങിയവർ പങ്കെടുത്തു.