ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ ആലപ്പുഴ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. 'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ' എന്നാണ് പോസ്റ്റർ. 'തിരുത്തൽ വാദികൾ സിപിഐ അമ്പലപ്പുഴ' എന്ന പേരിലാണ് പോസ്റ്റർ സ്ഥാപിച്ചത്. പോസ്റ്ററിൽ എൽദോ എബ്രഹാം എംഎൽഎയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അഭിവാദ്യങ്ങൾ അർപ്പിച്ചിട്ടുമുണ്ട്.
പാർട്ടിയുമായി ബന്ധമില്ലാത്തവരാണ് ഇത്തരത്തിൽ പോസ്റ്റർ പതിച്ചത് എന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. വിഷയത്തിൽ അന്വേഷണം നടത്തി, ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സിപിഐ പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നടപടിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രസ്‌താവനയ്ക്ക് മറുപടിയായാണ് അദ്ദേഹത്തിതിരെ പോസ്റ്റർ പതിച്ചിരിക്കുന്നത്. ജില്ലയിലെ സിപിഐക്കുള്ളിലെ വിഭാഗീയതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം ഉണ്ടായിരുന്നു. പിന്നീട് വിഷയം സിപിഎം - സിപിഐ തർക്കത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതേത്തുടർന്ന് സിപിഐ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റിരുന്നു. ഇതിലായിരുന്നു കാനം രാജേന്ദ്രന്റെ വിവാദ പരാമർശം.