ആലപ്പുഴ: കൊവിഡ് 19 മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ വലഞ്ഞ പെൻഷൻകാർക്ക് ആശ്വാസവുമായി തപാല്‍ വകുപ്പ്. പെൻഷൻ തുക ഉൾപ്പെടെയുള്ളവ അക്കൗണ്ടില്‍ നിന്ന് പിൻവലിക്കാൻ സാധിക്കാത്തവർക്കായി തപാല്‍ വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാന സർക്കാരിന്‍റെ ക്ഷേമപെൻഷനുകൾ ഇനി വീട്ടിലെത്തും. ആവശ്യക്കാർക്ക് പോസ്റ്റ്മാൻ പെൻഷൻ വീട്ടിലെത്തിച്ച് നല്‍കുന്നതാണ് പുതിയ പദ്ധതി.ലോക്‌ഡൗൺ കാലത്ത് ജനങ്ങൾ നിരത്തിലിറങ്ങുന്നത് ഒഴിവാക്കാൻ ഇത് സഹായമാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍.
ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ അത് മുൻകൂട്ടി വകുപ്പിന്‍റെ ഹെൽപ്പ്ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്യണം. ബാങ്ക് അക്കൗണ്ട് നമ്പർ, പോസ്റ്റ് ഓഫീസ് വിവരങ്ങൾ ഉൾപ്പെടെ ഉള്ള വിവരങ്ങളും നൽകണം. ഇതിന് ശേഷം അടുത്ത ദിവസം തന്നെ പോസ്റ്റ്മാൻ പെൻഷൻ തുകയുമായി വീട്ടുപടിക്കൽ എത്തും. രജിസ്ട്രേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് തപാൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തപാൽ വകുപ്പിന്‍റെ ആധാർ എനേബിൾ പെയ്മെന്‍റ് സിസ്റ്റം എന്ന രീതിയിലാണ് സൗജന്യമായി പോസ്റ്റുമാൻ നേരിട്ട് പണം വീട്ടിലെത്തിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ബാങ്കിൽ നിന്നും എടിഎമ്മിൽ പോകാതെ തന്നെ പണം വീട്ടിലെത്തും. 10,000 രൂപ വരെ ഒറ്റത്തവണ പിൻവലിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
വാട്‌സ് ആപ്പ് മുഖേനയും ഈ സൗകര്യം ലഭ്യമാണ്. ഇതിനായി 0477225140, 8606946704 എന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്. പ്രായമായവർക്കും ആശ്രിതർ ഇല്ലാതെ കഴിയുന്നവർക്കുമാണ് പദ്ധതി ഏറെ ഗുണം ചെയ്യുന്നത്. ആധാർ കാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഉടമകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.