എറണാകുളം: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ സമ്മേളനവും ബജ്‌റംഗ്‌ദള്‍ റാലിയും അനുബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ജില്ല പൊലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയത്. ആലപ്പുഴ എസ്‌ഡി കോളജ് മുൻ അധ്യാപകൻ രാജരാമ വർമ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.
ആലപ്പുഴയിൽ ശനിയാഴ്‌ച(21.05.2022) നടക്കാനിരിക്കുന്ന പോപ്പുലർ ഫ്രണ്ടിന്‍റെ ജനമഹ സമ്മേളനവും അതിനോടനുബന്ധിച്ചുള്ള മാർച്ചും ബജ്‌റംഗ്‌ദളിന്‍റെ റാലിയും സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പോപ്പുലർ ഫ്രണ്ടിന്‍റെയും ബജ്‌റംഗ്‌ദളിന്‍റെയും പരിപാടികൾ തടയാനാവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ അപേക്ഷ പരിഗണിക്കാനും പൊലീസ് മേധാവിയോട് കോടതി നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത കാലത്തായി ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചാൽ വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ഹർജിക്കാരന്‍റെ വാദം. നാളെ ഒരേ സമയത്തായിരുന്നു ഇരു സംഘടനകളുടെയും പരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ജില്ല ഭരണകൂടത്തിന്‍റെ ഇടപെടലോടെ ബജ്‌റംഗ്‌ദൾ റാലിയുടെ സമയം മാറ്റി ക്രമീകരിച്ചു.
Also read; എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകള്‍ തന്നെ: കേരള ഹൈക്കോടതി