ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികൾ ഉദ്യോഗസ്ഥർക്ക് കൈമാറി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന പള്ളിപ്പുറം എൻഎസ്‌എസ് കോളജിലെ സ്ട്രോങ് റൂമുകളിൽ നിന്നും ഞായറാഴ്‌ച രാവിലെയോടെ യന്ത്രങ്ങൾ പുറത്തെടുത്തു. തുടർന്ന് 183 ബൂത്തുകളുടെയും ചുമതല വഹിക്കുന്ന പോളിങ് ഓഫീസർമാർ കോളജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന കൗണ്ടറുകളിൽ നിന്നും പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി. ഇവിഎം കൂടാതെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവി പാറ്റ് എന്നീ മെഷീനുകളും കവറുകൾ, രജിസ്റ്ററുകൾ, വോട്ടർമാർക്കുള്ള സ്ലിപ്പ്, വിരലിൽ അടയാളപ്പെടുത്താനുള്ള മഷി, വിവിധ ഫോറങ്ങൾ, പെൻസിൽ, പേന, ബ്ലേഡ്, മെഴുകുതിരി, മൊട്ടുസൂചി എന്നിങ്ങനെയുള്ള 74 ഇനം സാധനങ്ങളുമാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
വിതരണ കേന്ദ്രങ്ങളിൽ നിന്നും സാമഗ്രികൾ ഏറ്റുവാങ്ങി, എണ്ണിത്തിട്ടപ്പെടുത്തിയാണ് ഉദ്യോഗസ്ഥരുടെ സംഘം ചുമതല വഹിക്കുന്ന പോളിങ് ബൂത്തുകളിലേക്ക് പ്രത്യേകം ഏർപ്പെടുത്തിയിരുന്ന വാഹനങ്ങളിൽ പുറപ്പെട്ടത്. തെരഞ്ഞെടുപ്പ് നിരീക്ഷക ഡോ.അരുന്ധതി ചന്ദ്രശേഖർ, മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്‌ടർ ഡോ.അദീലാ അബ്ദുള്ള, വരണാധികാരി ബി.എസ്.പ്രവീൺദാസ്, ഉപ വരണാധികാരി ആർ.അജയകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.