ആലപ്പുഴ: മതിയായ രേഖകളില്ലാതെ അഭിഭാഷകയായി ആലപ്പുഴ ജില്ലയിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്ത് വന്നിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. രാമങ്കരി സ്വദേശി സെസ്സി സേവ്യറിനെതിരെയാണ് ആലപ്പുഴ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിലാഷ് സോമന്‍റെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.ആലപ്പുഴ കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. വി ശിവദാസന്‍റെ കീഴിലാണ് യുവതി പ്രാക്ടീസ് ചെയ്ത് വന്നിരുന്നത്.
വഞ്ചന, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി
ബാര്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ എൻറോൾ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വത്തിനായി സമീപിക്കുകയും 2019 മാര്‍ച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എന്‍റോള്‍ ചെയ്തതിന്‍റെ പ്രധാന രേഖകള്‍ സമർപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് അസോസിയേഷൻ നേതൃത്വത്തിന് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ യുവതി മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. വഞ്ചന, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
also read:സ്ത്രീധന പീഡനം, സൈബര്‍ അതിക്രമം? പിങ്ക് പൊലീസ് വീട്ടിലെത്തും
സംഭവത്തെ തുടർന്ന് യുവതി ഒളിവിൽ പോയി. ജില്ലയിലെ വിവിധ കോടതികളിൽ കേസ് നടത്തിയിട്ടുള്ള ഇവർ നിരവധി കമ്മിഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇതെല്ലാം പുതിയ നിയമ പ്രശ്നങ്ങൾക്ക് കാരണമാകാം.