ആലപ്പുഴ: കേരളത്തിലെ പൊലീസ് കണ്ണും കാതും ഇല്ലാത്ത അവസ്ഥയിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് പൊലീസ് ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്‍റെ പൊലീസ് നയം വൻ പരാജയമാണ്. പാവപ്പെട്ടവർക്ക് നീതി ലഭിക്കുന്നില്ല. പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് സിപിഎം പ്രവർത്തകരാണെന്നും പ്രതിപക്ഷ പാർട്ടികൾക്ക് മാത്രമല്ല ഭരണപക്ഷ പാർട്ടികൾക്കും പിണറായി വിജയന്റെ ഭരണകാലത്ത് രക്ഷയില്ലെന്ന സ്ഥിതി ആയിട്ടുണ്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ യുഡിഎഫ് സമരം അവസാനിപ്പിച്ചിട്ടില്ല. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഡിഎഫ് സമരം ശക്തമാക്കും. ഇതിനായി യുഡിഎഫ് യോഗം ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
രാഹുൽഗാന്ധിയുടെ രാജി പിൻവലിക്കണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചുള്ള രാഹുൽഗാന്ധിയുടെ തീരുമാനത്തിന് സമൂഹം വില നൽകുന്നുണ്ട്. കോണ്‍ഗ്രസില്‍ നാഥനില്ലാത്ത അവസ്ഥയില്ലെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ രമേശ് ചെന്നിത്തല വ്യക്തമാക്കി.