ആലപ്പുഴ: അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ നാട്ടുകാർ റോഡ് നിർമിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ രാമങ്കരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. രാമങ്കരി ഒന്നാം വർഡിൽ മണലാടി പ്രദേശത്തെ ചേപ്പിലാക്ക പാടശേഖരത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള വഴിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘർഷം ഉണ്ടായത്. രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡ് മഠത്തിൽപറമ്പ് ലക്ഷംവീട് കോളനിയിലേക്കുള്ള വഴി നിർമിക്കുന്നതിനിടയിലാണ് സംഭവം. ദേശത്തെ നാൽപ്പത്തഞ്ചോളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴി തർക്കവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ പുന്നശ്ശേരിലയ പത്തിൽചിറ വീട്ടിൽ ലൈജി ജോഷിയുമായി പ്രശ്നം നിലനിൽക്കുന്നുണ്ടായിരുന്നു. കോളനിയിലേക്ക് പോകാൻ റോഡ് നിർമിക്കുന്നതിന് സ്വകാര്യ ഭൂമി കയ്യേറുന്നുവെന്ന് ഭൂവുടമയാണ് പൊലീസിൽ വിവരം അറിയിച്ചത്.
പ്രശ്ന പരിഹാരത്തിനെത്തിയ പൊലീസുകാർക്കെതിരെ നാട്ടുകാരിൽ ചിലർ മരകായുധങ്ങളും മുളക് പൊടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്ങളുടെ വീടുകളിലേക്ക് വഴി വെട്ടിത്തരാൻ അധികാരികൾ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ കഴിഞ്ഞ ദിവസം നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. മഴക്കാലത്തും രണ്ടാം കൃഷിയില്ലാത്ത സമയങ്ങളിലും പാടം നീന്തി വേണം ഇവർക്ക് വീടുകളിലെത്താൻ എന്ന് പറഞ്ഞ് തണ്ണീർത്തട സംരക്ഷണ നിയമത്തിന്‍റെ വകുപ്പുകളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് നാട്ടുകാരുടെ ഇടപെടൽ എന്നതിനാലാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം, നാട്ടുകാർക്ക് ആവശ്യമായ വഴി വിട്ടുനൽകിയിട്ടുണ്ടെന്നും തന്‍റെ സംരക്ഷണത്തിന് വന്ന പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാരുടെ സംഘം ആക്രമിക്കുകയായിരുന്നെന്നും സ്ഥലം ഉടമ ലൈജി ജോഷി പറയുന്നു. പലതവണ പഞ്ചായത്ത് അധികൃതർക്കും എംഎൽഎയായിരുന്ന തോമസ് ചാണ്ടിക്കും നിവേദനങ്ങളും അപേക്ഷകളും മറ്റും സമർപ്പിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.