ആലപ്പുഴ: ഉപയോഗ ശൂന്യമായ ഐസ്ക്രീം സ്റ്റിക്കിൽ പിറന്നത് കേരളത്തിലെ പുരാതനമായ അർത്തുങ്കൽ ബസലിക്കയുടെ മനോഹരമായ രൂപം. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ആർത്തുങ്കൽ വെളുത്തച്ചന്‍റെ ദേവാലയം ചേർത്തല സ്വദേശി പയസിന്‍റെ കരവിരുതിൽ പിറന്നത്.
ഐസ്ക്രീം സ്റ്റിക്കുകൾ പലയിടത്ത് നിന്നായി ശേഖരിച്ച് വൃത്തിയാക്കിയ ശേഷം ഉണക്കിയെടുത്താണ് നിര്‍മാണം. എകദേശം രണ്ടുവർഷക്കാലമാണ് ഇതിന്റെ നിർമാണത്തിന് പയസിന് വേണ്ടി വന്നത്. 4000 ഐസ്ക്രീം സ്റ്റിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റിക്കുകൾ പല കഷ്ണങ്ങളായി മുറിച്ച് പല വലിപ്പത്തിലാക്കി ഓടിച്ചു ചേർത്ത് വച്ച് ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചാണ് നിര്‍മാണം.
Also Read: പെൻസില്‍ ലെഡിലെ കരവിരുത് ; ഐശ്വര്യ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍
ഐസ്ക്രീം സ്റ്റിക്കിന് പുറമെ മുളയുടെ കഷ്ണങ്ങളും ചിരട്ടയും തീപ്പെട്ടി കൊള്ളികളും ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചരിത്ര പ്രസിദ്ധവും മതസൗഹാർദ്ദ ധന്യവുമായ ദേവാലയത്തിന്റെ രൂപം നിർമ്മിക്കുക എന്നത് ഒരു നിയോഗമായാണ് കാണുന്നതെന്നാണ് പയസിന്റെ പക്ഷം.
ചേർത്തലയിലെ അറിയപ്പെടുന്ന സ്വർണ്ണപണിക്കരനാണ് പയസ്. 20 വർഷത്തിലേറെയായി സ്വർണ്ണപണികൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. കലയോടും കലാസൃഷ്ടികളോടുമുള്ള ആരാധനയാണ് ഇത്തരമൊരു ശിൽപ്പം ഉണ്ടാക്കാൻ പയസിനെ പ്രേരിപ്പിച്ചത്.
സൂക്ഷമമായ നിരീക്ഷണം ഭംഗി കൂട്ടി
മുൻപും ഇത്തരത്തിൽ പല ശിൽപ്പങ്ങളും പയസിന്റെ കരവിരുതിൽ ജന്മംകൊണ്ടിട്ടുണ്ട്. സമയം കിട്ടുമ്പോഴെല്ലാം അർത്തുങ്കൽ പള്ളിയിൽ പോയി പള്ളിയുടെ ഓരോ മുക്കും മൂലയും അതിസൂക്ഷമമായി നിരീക്ഷിച്ച് ഏറെ ശ്രദ്ധയോടെയാണ് ശിൽപ്പം നിർമിച്ചിത്തുള്ളത്.
വെളുത്തച്ചന്‍റെ അനുഗ്രഹവും വീട്ടുകാരുടെ പിന്തുണയുമാണ് ഇത്തരത്തിൽ ഒരു മനോഹര ശിൽപ്പം ഒരുക്കാൻ തനിക്ക് പ്രചോദനമായത് എന്നാണ് പയസ് പറയുന്നത്. നിരവധിപേരാണ് പയസിന്റെ ഐസ്ക്രീം സ്റ്റിക്കുകൊണ്ടുള്ള അർത്തുങ്കൽ പള്ളി കാണാൻ എത്തുന്നത്.