ആലപ്പുഴ : ഉത്രാട നാളിൽ അപ്പർ കുട്ടനാട്ടിലെ നെൽക്കർഷകർ (Paddy farmers upper kuttanad) സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഉപവസിക്കും. വിളവെടുപ്പ് നടത്തി അഞ്ച് മാസം കഴിഞ്ഞിട്ടും കർഷകർക്ക് സർക്കാർ സംഭരിച്ച നെല്ലിന്‍റെ പണം നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്താനൊരുങ്ങുന്നത്. അപ്പർ കുട്ടനാട് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്‌മയുടെ (Independent Paddy Farmers organization Upper Kuttanad) നേതൃത്വത്തിൽ ഓഗസ്റ്റ് 28നാണ് സെക്രട്ടേറിയറ്റ് നടയിൽ ഉപവാസം (Hunger strike in front of kerala assembly).
ഓഗസ്റ്റ് 14ന് മുന്‍പായി എല്ലാ കർഷകർക്കും പണം ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നെങ്കിലും അത് ഉണ്ടായില്ല. തുടർന്ന് ചിങ്ങം ഒന്ന് - കർഷക ദിനം ബഹിഷ്‌കരിച്ചുകൊണ്ട് പ്രതിഷേധ ധർണ സംഘടിപ്പിച്ച്, ആചരണത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഓഗസ്റ്റ് 28ന് ഉത്രാടനാളിൽ നടക്കുന്ന ഉപവാസത്തിന് മുന്നോടിയായി 23, 24, 26 തിയതികളിലായി അപ്പർ കുട്ടനാട്ടിൽ കർഷകരുടെ മേഖല യോഗങ്ങൾ നടക്കും. പ്രധാന കേന്ദ്രങ്ങളായ ചെന്നിത്തല, പറയൻങ്കേരി, വീയപുരം, വെള്ളംകുളങ്ങര, മാന്നാർ എന്നിവിടങ്ങളിലാണ് യോഗം സംഘടിപ്പിക്കുക.
'നാലുമാസം ആയിട്ടും തുക ലഭിച്ചിട്ടില്ല': കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സംഭരിച്ച നെല്ലിന്‍റെ വിലയാണ് നൽകാനുള്ളതെന്നും നാലുമാസം ആയിട്ടും തുക ലഭിച്ചിട്ടില്ലെന്നും കുട്ടനാട് കാർഷിക വികസന സമിതി ചെയർമാന്‍ ഗോപൻ ചെന്നിത്തല പറയുന്നു. അപ്പർ കുട്ടനാട്ടിൽ കൃഷി ചെയ്യുന്ന 4,053 കർഷകർക്ക് ഇനിയും പണം ലഭിക്കാൻ ഉണ്ട്. ഇത് ഏകദേശം 79.78 കോടി രൂപയോളം വരുമെന്നും അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകൂട്ടായ്‌മയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ഗോപൻ ചെന്നിത്തല വ്യക്തമാക്കുന്നു.
ഒരു ലക്ഷത്തിന് താഴെയുള്ള എല്ലാ പണവും കൈമാറിയെന്നും ഒരു ലക്ഷത്തിന് മുകളിൽ ഉള്ളവരുടെ ലിസ്റ്റ് വരാനുണ്ടെന്നും പാഡി ഓഫിസ് പറയുന്നു. ലിസ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സര്‍ക്കാര്‍ തലത്തിൽ നടക്കുന്നുണ്ട്. മെയ് 16ന് മുന്‍പ് പേ ഓർഡർ ആയതെല്ലാം പിആർഎസ് ലോൺ ആയി മൂന്ന് ബാങ്കുകൾ വഴി നൽകി. അത് നിജപ്പെടുത്തിയ തുകയുടെ അടിസ്ഥാനത്തിൽ അല്ല. മെയ് 16 മുതൽ ഒരു ലക്ഷത്തിൽ താഴെയുള്ള പണം അക്കൗണ്ട് വഴി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് പാഡി ഓഫിസ് നല്‍കുന്ന വിശദീകരണം.
കർഷകരുടെ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഒപ്പം നിൽക്കാനും ഉപവാസത്തിൽ പങ്കെടുത്ത് സമരത്തിൽ സഹകരിക്കാനുമാണ് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്‌മയുടെ തീരുമാനം. തുടർസമര പരിപാടികളിൽ കർഷകരുടെ ആവശ്യങ്ങൾക്കായി ഒന്നിച്ച് നിൽക്കാനും താത്‌പര്യമുള്ള കർഷകസംഘടനകളെ അപ്പർ കുട്ടനാട്ടില്‍ ഒരുമിപ്പിക്കാനുമുള്ള ശ്രമം ഊര്‍ജിതമാക്കുകയാണ് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്‌മ.