ആലപ്പുഴ: കുട്ടനാടിന്‍റെ വികസനത്തില്‍ തന്ത്ര പ്രധാന ചുവടുവയ്പ്പായ മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങ് നടത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്‍റെ ഉദ്ഘാടനത്തോടെ പാലത്തിനായുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.
കൊടിക്കുന്നീല്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് അംഗം കെകെ അശോകന്‍, ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്‍റ് ബിജു പാലത്തിങ്കല്‍, മറ്റു വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ ,വിവിധ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പ്രസംഗങ്ങളും പൊതുയോഗവും ഒഴിവാക്കിയായിരുന്നു ഉദ്ഘാടനച്ചച്ചടങ്ങ്. ഉദ്ഘാടനത്തിനുശേഷം മന്ത്രി ജി സുധാകരനും മറ്റു വിശിഷ്ടാതിഥികളും പാലത്തിലൂടെ സഞ്ചരിച്ചു. തുടര്‍ന്ന് തട്ടാശ്ശേരി - കാവാലത്തേക്ക് കെ എസ്ആര്‍ടിസി ബസ് സര്‍വ്വീസും നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണമേറ്റശേഷം കുട്ടനാട് താലൂക്കില്‍ ഉദ്ഘാടനം ചെയ്ത മൂന്നാമത്തെ വലിയ പാലങ്ങളില്‍ ഒന്നാണ് മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം. കഞ്ഞിപ്പാടം - വൈശ്യം ഭാഗം പാലം, ചമ്പക്കുളം - കനാല്‍ ജെട്ടി പാലം എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. കൈനകരിയിലെ പാലം പണിയും അവസാന ഘട്ടത്തിലാണ്. ഇത് കൂടാതെ എട്ടു പാലങ്ങളുടെ കൂടി നിര്‍മ്മാണം ആരംഭിക്കുകയാണ്. കുട്ടനാട് താലൂക്കില്‍ മാത്രം 12 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്നത്.
മങ്കൊമ്പ് പാലത്തിന്‍റെ വടക്കെ കരയില്‍ ഒരു റോഡ് നിര്‍മ്മിക്കാനും പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒട്ടാകെ 72 പാലങ്ങളാണ് നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ 12 ഓളം പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. ബാക്കി നിര്‍മ്മാണ ഘട്ടത്തിലാണ്. ഇതിന് പുറമെയാണ് 24 കി മീറ്റര്‍ വരുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ ചെറുതും വലുതുമായ 80 പാലങ്ങളുടെ നിര്‍മ്മാണം. സംസ്ഥാനത്ത് ഒട്ടാകെ 700-ഓളം പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയോ ചെയ്തിട്ടുണ്ട്.