ആലപ്പുഴ: എല്ലാ വർഷവും ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മികച്ച മത്സ്യകർഷകരെ ആദരിച്ചു. 'കാർപ്പ്' മത്സ്യങ്ങളിലെ പരിതപ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ചതിന്‍റെ ഓർമ്മക്കായാണ് ദേശീയ മത്സ്യകർഷക ദിനാചരണം സംഘടിപ്പിക്കുന്നത്. ദേശീയ മത്സ്യകർഷകദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി മത്സ്യകർഷകർക്കുളള ഏകദിന ബോധവൽക്കണം, ജില്ലയിലെ മികച്ച മത്സ്യകർഷകരെ ആദരിക്കൽ എന്നീ പരിപാടികൾ തത്തംപളളിയിലെ എസ്എൻഡിപി ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.
കൗൺസിലർ മഹബൂബ്, ഫിഷറീസ് ഡെപ്യൂട്ടി ഡറക്ടർ കെ സുഹൈർ എന്നിവർ മത്സ്യകർഷകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. കർഷകർക്കുള്ള ക്ലാസുകൾ ഡോ ഷേർളി നയിച്ചു. ജില്ലയിലെ മികച്ച ശുദ്ധജല മത്സ്യകർഷകനായി കെ ജെ ജോർജ് കുട്ടിയെയും മികച്ച നൂതന കർഷകയായി റോസ്ലിൻ ബെന്നിയേയും തെരഞ്ഞെടുത്തു. കൂടാതെ ജില്ലയിലെ മികച്ച അക്വാകൾച്ചർ പ്രൊമോട്ടറായി ജോസ് ജോസഫും മികച്ച ജില്ലാതല മത്സ്യമേഖല പ്രവർത്തനങ്ങൾ നടപ്പിലാക്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനമായി തുറവൂർ ഗ്രാമ പഞ്ചായത്തിനേയും തെരഞ്ഞെടുത്തു.