ആലപ്പുഴ; പുന്നമടക്കായലിനെ ആവേശത്തിലാറാടിച്ച് ചുണ്ടൻ വള്ളങ്ങൾ തുഴയെറിഞ്ഞപ്പോൾ 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടൻ ജേതാക്കളായി. പള്ളാത്തുരുത്ത് ബോട്ട് ക്ലബാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്. ഇത് രണ്ടാം തവണയാണ് നടുഭാഗം നെഹ്‌റു ട്രോഫി കിരീടം നേടുന്നത്. യുബിസിയുടെ ചമ്പക്കുളം ചുണ്ടൻ രണ്ടാമതായി. പൊലീസ് സ്പോർട്സ് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ മൂന്നാമതായി. കുമരകം എൻസിഡിസി ക്ളബ് തുഴഞ്ഞ ദേവാസ് ചുണ്ടൻ നാലാം സ്ഥാനവും സ്വന്തമാക്കി.
രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്ക് തുടക്കമായത്. ജലമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കർ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കളിവള്ളങ്ങളുടെ മാസ് ഡ്രില്ലും സച്ചിൻ ടെൻഡുല്‍ക്കർ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന 12 മത്സര വള്ളംകളികൾ ഉൾപ്പെടുത്തിയുള്ള ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പ്രളയത്തെ തുടർന്ന് മാറ്റിവെച്ച ജലമേള വൻ മുന്നൊരുക്കങ്ങളോടെയാണ് ആലപ്പുഴ പുന്നമടക്കായലില്‍ നടന്നത്.