ആലപ്പുഴ: ചെങ്ങന്നൂർ വെണ്മണിയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ദൃശ്യങ്ങൾ ഇ.ടി.വി ഭാരതിന് ലഭിച്ചു . വിശാഖപട്ടണം റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ആർ.പി.എഫും പൊലീസും അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബംഗ്ലാദേശ് സ്വദേശികളായ ലബലു, ജുവല്‍ എന്നിവരെയാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ പൊലീസ് പിടികൂടിയത്.
കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍.പി.എഫും റെയില്‍വേ പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. വീട്ടിൽ പണിക്കെത്തിയ ശേഷം വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു പ്രതികൾ. ഇവരുടെ പക്കലുള്ള ബാഗില്‍ നിന്ന് സ്വർണവും പൊലീസ് കണ്ടെത്തി.
വെണ്മണി ആഞ്ഞിലിമൂട്ടില്‍ കെ.പി. ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വീടിനുള്ളില്‍ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പിപ്പാരകൊണ്ടുള്ള തലയ്ക്കടിയേറ്റാണ് ചെറിയാന്‍ മരിച്ചത്. മണ്‍വെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് കമ്പിപ്പാരയും ഒടിഞ്ഞ മൺവെട്ടിയും പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിന് പുറത്തും വിദേശത്തും ഏറെക്കാലം ജോലി ചെയ്തിരുന്ന ദമ്പതികൾ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വിദേശത്തുള്ള മക്കളും മരുമക്കളും എത്തിയാല്‍ മാത്രമേ മോഷണം പോയ സ്വര്‍ണവും പണവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ ലഭ്യമാകൂ.
സുഹൃത്തുക്കളോടൊപ്പം ആലപ്പുഴ കായലില്‍ ബോട്ടിംഗിന് പോകാനിരിക്കുകയായിരുന്നു ചെറിയാന്‍. ഇതേക്കുറിച്ച് പറയാന്‍ സുഹൃത്തുക്കള്‍ തിങ്കളാഴ്ച പലതവണ ചെറിയാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ് കൊലപാതകങ്ങൾ പുറം ലോകം അറിയുന്നത്.