ആലപ്പുഴ: ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെല്ലാം പൂർണസജ്ജമാണെന്ന് എംഎൽഎ സജി ചെറിയാൻ. പ്രളയം ബാധിച്ച പ്രദേശങ്ങളിൽ സഹായിക്കാൻ മത്സ്യത്തൊഴിലാളികളും എത്തിയിട്ടുണ്ടെന്നും വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എംഎല്‍എ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ളയും അറിയിച്ചു. നിലവിൽ ജലനിരപ്പ് ഉയർന്ന സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗപ്പെടുത്തി ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽക്കുന്നതെന്നും കലക്‌ടര്‍ വ്യക്തമാക്കി.
പ്രളയം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ചെങ്ങന്നൂർ താലൂക്കിലെ പ്രവർത്തനങ്ങൾ പഴുതുകളടച്ച്, കുറ്റമറ്റ രീതിയിൽ മുന്നേറുകയാണെന്ന് തഹസിൽദാർ എസ്. മോഹനൻ പിള്ള പറഞ്ഞു. ചെങ്ങന്നൂർ താലൂക്കിലെ 11 വില്ലേജ് ഓഫീസർമാരും മറ്റു ജീവനക്കാരും 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിൽ എത്തുന്നവരുടെ ആരോഗ്യ സംരക്ഷണം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വളരെ കൃത്യമായി വിലയിരുത്തുണ്ട്. ഹോർട്ടികോർപ്, സിവിൽ സപ്ലൈസ്, സപ്ലൈകോ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്‌തുക്കളും ക്യാമ്പില്‍ നൽകി വരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.