തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്‌ച വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും രണ്ടു കുട്ടികൾക്കുമായി ഒരു പൊക്കിൾ കൊടി ഉണ്ടായിരുന്നതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ അമ്മയ്ക്കും ചികിത്സ നൽകുന്നതിൽ പിഴവുണ്ടായിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നാണ് സിസേറിയൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രസവവേദന ഉണ്ടായതിനെ തുടർന്ന് ഇന്നലെ സിസേറിയൻ നടത്തുകയായിരുന്നു. കുഞ്ഞുങ്ങൾ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു.
ബന്ധുക്കളുടെ പ്രതികരണം: ഹരിപ്പാട് സ്വദേശികളുടെ ഇരട്ട കുട്ടികളെയാണ് ജീവനില്ലാത്ത നിലയിൽ പുറത്തെടുത്തത്. കുഞ്ഞുങ്ങളുടെ ജീവൻ നഷ്‌ടപ്പെടാനുള്ള കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് ഇന്നലെ വരെ ഡോക്‌ടർമാർ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തിങ്കളാഴ്‌ചയായിരുന്നു ആദ്യം സിസേറിയൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രസവവേദന ഉണ്ടായില്ല എന്ന കാരണം പറഞ്ഞ് സിസേറിയൻ മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തന്നെ ഒരു കുഞ്ഞിന് അനക്കം ഇല്ലായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
ഇത് അറിയിച്ചിട്ടും ശസ്‌ത്രക്രിയയ്ക്ക് ആശുപത്രി അധികൃതർ തയ്യാറായില്ല. ശസ്‌ത്രക്രിയ നടത്തിയപ്പോൾ പ്രധാന ഡോക്‌ടർമാർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന പരാതിയും ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ബന്ധുകളുടെ ആരോപണത്തെ ആശുപത്രി അധികൃതരും ആരോഗ്യമന്ത്രിയും നിരസിക്കുകയായിരുന്നു.