ആലപ്പുഴ: ചേർത്തല മനോരമ കവലയുടെ വികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ മന്ത്രി പി തിലോത്തമൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്ദുള്ളയുടെ സാന്നിധ്യത്തിൽ കലക്‌ട്രേറ്റിൽ വിളിച്ചുചേർത്ത സ്ഥലമുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തുടർ നടപടികൾ നിയമപ്രകാരം വേഗത്തിലാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സ്ഥലമുടമകളും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. ആകെ 30 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. അതിൽ ആറുപേർ വസ്തുപ്രമാണം ചെയ്ത് നൽകിക്കഴിഞ്ഞു. എട്ടുപേരുടെ ആധാരം പരിശോധന പൂർത്തിയാക്കി അവസാനഘട്ടത്തിലാണ്. ഒരാഴ്‌ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. ഇതിനുള്ള ഫണ്ട് കൈവശമുണ്ട്. മറ്റ് ഒമ്പതുപേരുടെ എല്ലാരേഖകളും ഇതുവരെ ലഭ്യമായിട്ടില്ല. ഇത്തരം ഒമ്പതുഭൂവുടമകൾ രണ്ടാഴ്ചക്കുള്ളിൽ രേഖകൾ ഹാജരാക്കാമെന്ന് യോഗത്തിൽ ജില്ലാ കലക്‌ടറോട് സമ്മതിച്ചു. ഇനിയും വിമുഖത കാട്ടി നിൽക്കുന്നവരോട് കലക്‌ടർ നേരിട്ട് പ്രശ്‌നങ്ങൾ ആരായും. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് നിയമപരമായ പരിഹാരം കാണുമെന്ന് കലക്‌ടർ പറഞ്ഞു. ചേർത്തലയുടെ കവാടമാണ് ഇവിടമെന്നും വീതി കൂട്ടാതെ ഇനി ഒരടി മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണെന്നും മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.