ആലപ്പുഴ: കേരളത്തിന്‍റെ വിപ്ലവ പെൺകരുത്ത് കെ ആർ ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ ഗൗരിയമ്മയ്ക്കരികിലെത്തി. ഗൗരിയമ്മയുടെ ചാത്തനാട്ടുള്ള വീട്ടിൽ എത്തിയാണ് മന്ത്രി പിറന്നാൾ ആശംസകൾ അറിയിച്ചത്. കുശലാന്വേഷണത്തിനിടെ ഗൗരിയമ്മയുടെ കൈ വിരലിലെ മഷിയടയാളം കണ്ടു വോട്ട് ചെയ്ത പാട് ഇതുവരെ മാഞ്ഞില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. 37 വർഷത്തെ ആത്മബന്ധമാണ് ഗൗരിയമ്മയുമായിട്ടെന്ന് മന്ത്രി പറഞ്ഞു. തന്‍റെയും ഡോക്ടര്‍ ജമീലയുടെയും കല്യാണ കാർമികത്വം വഹിച്ചത് ഗൗരിയമ്മയാണെന്ന കാര്യവും മന്ത്രി ഓർത്തെടുത്തു. ജമീല കൊണ്ടുവന്ന മധുരം കഴിക്കുകയും കാണാനായി കൂടി നിന്നവർക്ക് ഗൗരിയമ്മ മധുരം നൽകുകയും ചെയ്തു.
മന്ത്രി എകെ ബാലനുമായി കാൽ മണിക്കൂറോളം സൗഹൃദ സംഭാഷണം നീണ്ടു. പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ടി കെ സുരേഷ് മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തങ്ങള്‍ ചെറുപ്പത്തിൽ ആവേശത്തോടെ കേൾക്കുന്ന മൂന്നു പേരുകളായിരുന്നു ഇഎംഎസ്, എകെജി, ഗൗരിയമ്മ എന്ന് മന്ത്രി പറഞ്ഞു. മുമ്പ് കുടിയൊഴിക്കലുമായി ബന്ധപ്പെട്ട് ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു. പറ്റൂല ഇനി പറ്റൂല കുടിയിറക്കൽ ഇനി പറ്റൂല, കിട്ടൂല, ഇനി കിട്ടൂല പാട്ടവും വാരവും ഇനി കിട്ടൂല. ഈ മുദ്രാവാക്യം കേരളത്തിൽ രൂപപ്പെടുത്തിയ ആളാണ് ഗൗരിയമ്മ. അതിന്‍റെ ഭാഗമായിരുന്നു കേരള ഭൂപരിഷ്‌കരണ നിയമമെന്നും മന്ത്രി പറഞ്ഞു.