ആലപ്പുഴ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കാസർകോട്ടേക്ക് പുറപ്പെട്ട മെഡിക്കൽ സംഘം സഞ്ചരിച്ച വാഹനം പണിമുടക്കി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട, ഡോക്‌ടർമാർ ഉൾപ്പടെയുള്ള പ്രത്യേക മെഡിക്കൽ സംഘം സഞ്ചരിച്ച കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസാണ് ഹരിപ്പാട് വെച്ച് തകരാറിലായത്. രാവിലെ 11 മണിയോടെ ഹരിപ്പാടെത്തിയ സംഘം അല്‍പനേരത്തെ ഇടവേളക്ക് ശേഷം യാത്ര തുടരാനായി വീണ്ടും വണ്ടിയെടുത്തപ്പോഴാണ് തകരാറിലായത്. തുടർന്ന് തകരാർ പരിഹരിക്കാനായി അടുത്തുള്ള പലരെയും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കെഎസ്‌ആര്‍ടിസി ഡിപ്പോ അവധിയായതിനാല്‍ വീടുകളിലായിരുന്ന ജീവനക്കാരെ വിളിച്ചുവരുത്തിയതിന് ശേഷമാണ് ബസ് പ്രവര്‍ത്തനക്ഷമമാക്കിയത്. സമീപത്തെ സന്നദ്ധ സേവന പ്രവർത്തകരും സഹായത്തിനെത്തി. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് 26 അംഗ സംഘം യാത്ര തുടർന്നത്. കാസർകോട് ജില്ലയിലെ കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും സംഘം ഇന്ന് രാവിലെയായിരുന്നു യാത്ര തിരിച്ചത്.