ആലപ്പുഴ: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷയാണ് മത്സ്യഫെഡ് ഫിഷ് മാർട്ടിലൂടെ ലക്ഷ്യം വക്കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. "തീരത്തു നിന്നും മാർക്കറ്റിലേക്ക് " പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിചുവട് ജങ്ഷനിൽ ആരംഭിച്ച ഫിഷ്‌മാർട്ടിൻ്റെ ഉദ്‌ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മത്സ്യഫെഡ് ഫിഷ്‌മാർട്ടുകൾ ആരംഭിക്കും. ഇതുവഴി രാസവസ്‌തുക്കൾ ചേർക്കാത്ത ശുദ്ധമായ മത്സ്യം ന്യായവിലയിൽ ജനങ്ങളിൽ എത്തിക്കാൻ മത്സ്യഫെഡിന് കഴിയുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഇത്തരം ഫിഷ്‌മാർട്ടുകൾ വഴി മത്സ്യമൂല്യ വർധിത ഉൽപന്നങ്ങളും ലഭ്യമാകും. കൊവിഡ് കാലത്തുൾപ്പടെ മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യഫെഡ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അരീക്കര സർവിസ് സഹകരണ ബാങ്കിൻ്റെ മേൽനോട്ടത്തിലാണ് ഫിഷ്‌മാർട്ട് പ്രവർത്തിക്കുന്നത്. സഹകരണ ബാങ്കുകളുമായി ചേർന്ന് ആരംഭിച്ച സംസ്ഥാനത്തെ 22-ാം മത്സ്യഫെഡ് ഹൈടെക്ക് ഫിഷ്‌മാർട്ടാണിത്.