കവരത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതുവത്സര ദിനത്തിൽ ലക്ഷദ്വീപിൽ ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രക്ഷോഭ മാർച്ച് സംഘടിപ്പിച്ചു. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചത്. ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ നടന്ന മാർച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളാണ് ആസാദി മുദ്രാവാക്യങ്ങളുമായി ബഹുജന മാർച്ചിൽ അണിനിരന്നത്.
സംഘപരിവാർ ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധമായാണ് തങ്ങൾ ഈ പ്രക്ഷോഭം നടത്തിയതെന്നും ഭരണഘടനാ തത്വങ്ങളെ പോലും അട്ടിമറിക്കുന്ന നിയമവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാർ തീരുമാനമെങ്കിൽ ഇനിയും കൂടുതൽ സമരങ്ങളിലേക്ക് പോകുമെന്നും സമര സമിതി അറിയിച്ചു. കവരത്തി ഓട്ടോ തൊഴിലാളി യൂണിയനുകൾ, വിദ്യാർഥി സംഘടനകൾ, മത്സ്യത്തൊഴിലാളികൾ, വ്യാപാരി വ്യവസായ സംഘടനകൾ എന്നിവർ ഉള്‍പ്പെടെ മത - സാംസ്‌കാരിക - രാഷ്ട്രീയ - കക്ഷി ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് ബഹുജന മാർച്ചിൽ പങ്കെടുത്തത്.